Thursday, 26 March 2009

നിഴല്‍യുദ്ധങ്ങളുടെ പ്രായോജകര്‍

(2008 നവംബര്‍ 19 ന് ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. തെരഞ്ഞെടുപ്പായപ്പോള്‍ സമാനമായ ചില നാടകങ്ങള്‍ അരങ്ങേറുന്നതിനാല്‍ പ്രസക്തമെന്നു തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.)





അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള കപടമതേതരക്കാര്‍ക്ക് അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരു കോളായിരുന്നു അത്. ഒക്ടോബര്‍ 14 -ലെ അദ്വാനിയുടെ കോഴിക്കോട് സന്ദര്‍ശനത്തില്‍ സുരക്ഷ ചുമതലയില്‍ നിന്നും മുസ്ലീം പോലീസുകാരെ ഒഴിവാക്കി!

ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഉടനെ കേരള ആഭ്യന്തരമന്ത്രി അന്വേഷണത്തിന്‍ ഉത്തരവിട്ടു. അതും ഡി. ജി. പി. യോട് റിപ്പോര്‍ട്ട് ഉടനെ വേണമെന്ന ഉഗ്രശാസനത്തില്‍!
സംഭവം സംബന്ധിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി ആഭ്യന്തരസെക്രട്ടരിയോടാവശ്യപ്പെടുന്നു. ആഭ്യന്തര സെക്രട്ടറി ക്ഷണവേഗത്തില്‍ എന്‍. എസ്. ജി. ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെടുന്നു. ഒരു മതവിഭാഗത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടിക്കെതിരെ മന്ത്രി ശക്തമായ ഭാഷയില്‍ പ്രസ്താവന നടത്തുകയും ചെയ്തു. ജാമിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും ഭീകരബന്ധത്തിന്റെ പേരില്‍ ഒരു വിദ്യാര്ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മറ്റു യാതൊന്നും ചിന്തിക്കാതെ അയാള്‍ക്ക്‌ വേണ്ടി കോണ്ഗ്രസ് അധ്യക്ഷയുടെ അടുത്ത ശുപാര്‍ശക്ക് പോയത് സമുദായത്തിന്റെ വിശ്വാസ്യതയെ എങ്ങനെ ബാധിക്കുമെന്ന് മന്തിക്ക് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പിന്നെയും എത്തി പ്രതിഷേധം. അപമാനകരം എന്നും ഇന്ത്യയുടെ യശസ്സിനു കളങ്കം ചാര്‍ത്തി എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി വക. സംഭവം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം-മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി. ജാതിയും മതവും നോക്കി ഉദ്യോഗസ്ഥന്മാരെ സുരക്ഷാ ചുമതലയില്‍ നിയോഗിക്കുന്നത് മതേതരത്വത്തിന്റെ കടക്കല്‍ കത്തി വക്കുന്നതാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു യുവജന സംഘടന നേതാവ് രാഷ്ട്രപതിക്ക് ഫാക്സ് സന്ദേശമയച്ചു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും പരാതികള്‍ അയച്ചു അദ്ദേഹം സ്വന്തം കടമ നിര്‍വഹിച്ച് വാര്‍ത്ത സൃഷ്ടിച്ചു. വൈകിപ്പോയവര്‍ നഷ്ടപ്പെട്ട ആദ്യാവസരം പരിഹരിക്കുന്നതിന് വേണ്ടി ഹര്‍ത്താല്‍ പ്രതീക്ഷകള്‍ പുലര്‍ത്തി.
ഈ കൊലാഹലങ്ങള്‍ക്കെല്ലാം മുന്‍പേ തന്നെ ആരോപണം വന്നപ്പോഴേ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അര്ത്ഥശങ്കക്കിടയില്ലാത്തവണ്ണം കാര്യം വ്യക്തമാക്കിയിരുന്നു. മുസ്ലീം ഡ്രൈവര്‍മാരെ മാറ്റാന്‍ എസ്. പി. ജി യോ എന്‍. എസ്. ജി. യോ ആവശ്യപ്പെട്ടിട്ടില്ല. തൃപ്തികരമല്ലാത്ത റിഹെഴ്സല് നടത്തിയവരെ മാറിയിരുന്നു. ആറു അകമ്പടി വാഹനങ്ങള്‍ ഓടിക്കുന്നതിനായി പന്ത്രണ്ടു പേരെ വരുത്തിയിരുന്നു. അതില്‍ ആറുപേര്‍ സ്വാഭാവികമായി റിസര്‍വ് ആകും. അത് മാത്രമാണ് സംഭവിച്ചത്. അതില്‍ ഇങ്ങനെ ഒന്നുണ്ടാകുമെന്നു ആരും കരുതിയത്‌ പോലുമില്ല.

രണ്ടു തവണയായി നടന്ന പരിശീലനങ്ങളുടെ മികവില്‍ താന്‍ തന്നെയാണ് പന്ത്രണ്ടുപെരില്‍ നിന്നും ആറുപേരെ തിരഞ്ഞെടുത്തതെന്നും ഇതി യാതൊരു വിവേചനവും ഉണ്ടായിട്ടില്ലെന്നും വെസ്റ്റ് ഹില്‍ മൈതാനത്ത് നിന്ന് പുറപ്പെട്ട വാഹന ‍ വ്യൂഹത്തിന്റെ ചുമതലയുണ്ടായിരുന്ന നോര്‍ത്ത് അസി. കമ്മീഷണര്‍ സി.എം. പ്രദീപ് കുമാര്‍ നേരിട്ട് പറഞ്ഞു. പക്ഷെ അതൊക്കെ ആര് കേള്‍ക്കാന്‍? കയ്യില്‍ കിട്ടിയ ആയുധം കട ഒടിയും വരെ പ്രയോഗിച്ച്ചല്ലേ പറ്റൂ. കിട്ടിയ അവസരം നഷ്ടപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ. ഇങ്ങനെ ഒരു വിവാദം ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ എന്ത് ചെയ്യണമായിരുന്നു? റിഹെഴ്സലൊ കാര്യക്ഷമാതയോ ഒന്നും പരീക്ഷിക്കാതെ സംവരണം അവിടെയും പാലിക്കണമായിരുന്നോ? ആരാലും പ്രത്യേകിച്ചു ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ ഔദ്യകിക കാര്യം തെറ്റിട്ധാരണാജനകമാംവിധം കുത്തിപ്പോക്കിയവരുടെയും കൊണ്ട് നടന്നവരുടെയും ലക്ഷ്യമെന്താണ്‌? ഇനി റിസര്‍വ് ആക്കി നിറുത്തിയ മറ്റു നാലുപേര്‍ കൂടിയുണ്ടായിരുന്നല്ലോ. അവരുടെ ജാതിയും മതവും അന്വേഷിക്കാതിരുന്നതെന്തു?

വിവേചനം ഉണ്ടായിട്ടില്ല എന്നും അദ്വാനി വന്നിറങ്ങിയ ഹെലിപാഡിന്റെയും സ്റെയ്ജിന്റെയും സുരക്ഷാ ചുമതല വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥന്മാരും മോട്ടോര്‍ കേഡിന്റെ പൈലറ്റ്‌ വാഹനമോടിച്ച്ചിരുന്ന ഡ്രൈവറും മാത്രമല്ല മറ്റു സുപ്രധാന ചുമതല വഹിച്ചിരുന്നവരെല്ലാം മുസ്ലീങ്ങള്‍ ആയിരുന്നു എന്ന വസ്തുതയും ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനവും വന്നപ്പോള്‍ (സ്വന്തം ദേഹത്ത് കേറില്ല എന്നായിരുന്നെന്കില്‍ പറയില്ലായിരുന്നു) സാമാന്യ ജനങ്ങള്‍ക്ക്‌ കാര്യം ബോധ്യപ്പെട്ടു. എന്നാല്‍ മേല്‍ പറഞ്ഞ പ്രതിഷേധക്കാര്‍ ആരും ഒന്നും ഉരിയാടി കണ്ടില്ല. ഒരു ഖേദ പ്രകടനവും ഉണ്ടായില്ല.

ഈ വാര്‍ത്ത‍ സൃഷ്ടിയുടെ പിന്നിലുള്ള കുടിലത ആര്‍ക്കും ബോധ്യമാകുന്നത്തെ ഉള്ളു. തങ്ങള്‍ വിവേചിക്കപ്പെടുന്നു എന്നുള്ള തോന്നല്‍ ന്യൂന പക്ഷങ്ങളില്‍ ഉണ്ടാക്കിത്തീര്‍ക്കേണ്ടത് നല്ലൊരു പങ്ക് രാഷ്ട്രീയപ്രസ്ഥാനങ്ങളും തങ്ങളുടെ നിലനില്പിന് അടിസ്ഥാനമായി കാണുന്നു. അത് സൃഷ്ടിക്കുന്ന അരക്ഷിത ബോധം അവര്‍ മുതലെടുക്കുമ്പോള്‍ തന്നെ ഒരു വിഭാഗത്തിന് അതും കടന്നു തീവ്രവാദ പ്രവണതയുണ്ടാകുന്നു എന്നൊന്നും അവര്‍ക്ക് അറിയാതെയല്ല. പാളിപ്പോയ ഈ വാര്‍ത്ത പരത്ത്തിയവര്‍ ലക്‌ഷ്യം വച്ചത് കേന്ദ്ര- സമ്സ്ഥാന ഗവര്‍മെന്റുകളെയോ പോലീസിനെയോ അല്ല, മറിച്ച് ആ മുന തിരിച്ചു വച്ചത് ബി.ജെ.പി യുടെയും അദ്വാനിയുടെയും നേര്‍ക്ക് ആണ്. സന്ഘപരിവാര്‍ ഗൂഡാലോചന എന്ന് പറഞ്ഞു ഭരിക്കുന്നവര്‍ക്കും കയ്യോഴിയാം. പൊതു ശത്രുവിന്റെ നേര്‍ക്കുണ്ടാകുന്ന വിപരീതവികാരത്തിന്റെ ഫലം സകലര്‍ക്കും വീത വച്ച് എടുക്കുകയും ചെയ്യാം. ഭീകര ബന്ധം സംശയിച്ച് ചില സൂചനകളുടെയോ തെളിവുകലുടെയോ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും പല ചെറുപ്പക്കാരെയും കസ്ടടിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ഒക്കെ ചെയ്തപ്പോള്‍ ഒരു സമുദായ നേതാവ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. " സന്ഘപരിവാര്‍ അനുകൂലികളായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടി നടത്തുന്ന ഉന്നത ഗൂഡാലോചന വടക്കേ ഇന്ത്യയില്‍ നിന്നും കേരളത്തിലേക്ക് പടരുകയാണ്." ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുക എന്ന് പറഞ്ഞാല്‍ കുറ്റം ചാര്‍ത്തല്‍ അല്ല എന്നും കുറ്റാന്വേഷണം പോലീസിന്റെ ജോലിയാണെന്നും ശാസ്ത്രീയമായ രീതികള്‍ അവലംബിച്ച് കൊണ്ടാണ് അത് നിര്‍വതിക്കപ്പെടുന്നതെന്നും അറിയാത്തവരല്ല ഇവരാരും. രാജ്യദ്രോഹിയായ മകന്റെ ജഡം കാണേണ്ട എന്ന് പറഞ്ഞ മാതാവിന്റെ മുന്‍പില്‍ നാം ശിരസ്സ്‌ നമിക്കുന്നത് ഈയവസരത്തിലാണ്.

ഇല്ലാത്ത പുലിയെ കാണിച്ച് ആട്ടിന്‍കൂട്ടത്തെ തളിക്കുന്ന തന്ത്രം ഏറെ കാലമായി വിജയകരമായി പ്രയോഗിക്ക പ്പെട്ടു കൊണ്ടിരിക്കുന്നതാണ്. സര്‍ക്കാര്‍ ആപ്പീസ് ശിപായിമാരുടെ തലയെണ്ണി കണക്കു നിരത്തലും മുസ്ലീങ്ങളെ മുഖ്യധാരാ വിദ്യഭ്യാസതിലേക്ക് നയിക്കാതെ മതവിദ്യാലയങ്ങളിലേക്ക് ആട്ടിതെളിക്കുകയും ചെയ്യുന്നതും എല്ലാം ഇതിന്റെ ഭാഗമാണ്. എന്നാല്‍ സമൂഹത്തെ നെടുകെ പിളര്‍ക്കുന്ന ഈ സംഘടിത ഗൂഡാലോചന തിരിച്ചറിഞ്ഞു ഒരിക്കലവര്‍ നേര്‍പാന്ധാവിലേക്ക് തീര്‍ച്ചയായും കടന്നു വരും. അന്ന് വിഘടനവാദം ഇല്ലാത്ത ഒരു രാഷ്ട്രം നമ്മള്‍ പടുത്തുയര്‍ത്താന്‍ ആരംഭിക്കും.

Thursday, 19 March 2009

ചില്ലുകൂട്ടിലെ മത്സ്യം - രാഹൂലിനു ഇതിലും നല്ല മറുപടി എന്ത്?


ഗുജറാത്ത് നേടിയ സാമ്പത്തിക വികസനത്തെ രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ കൊഞ്ഞനം കുത്ത്. സൂറത്തിലെ രത്ന വ്യവസായ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നമാണ് അദ്ദ്യത്തിനു 'ഒരു തിരി' ക്ക് കിട്ടിയത്. ആരോ പറഞ്ഞു കൊടുത്തത് തത്ത പറയും പോലെ എങ്ങനെയോ വിക്കി വിക്കി പറഞ്ഞു ഒപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഗുജറാത്തില്‍ വികസനം ഇല്ല എന്നും. അര നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ചു ഈവിധം ഒക്കെയാക്കിയ കൊണ്ഗ്രെസ്സിന്റെ കുട്ടിക്ക് നരേന്ദ്ര മോഡി മറുപടിയും കൊടുത്തു.
"ഞങ്ങള്‍ അക്വേറിയത്തില്‍ വളര്‍ന്ന മത്സ്യങ്ങളല്ല. കടലില്‍ വളര്‍ന്നതാണ്.ധനികരുടെ വീടിന്റെ പൂമുഖത്തെ ചട്ടിക്കുള്ളില്‍ വിരിഞ്ഞ പുഷ്പങ്ങളല്ല. വയലില്‍ വിരിഞ്ഞതാണ്. "
മോഡി പിരാന ആണെന്നായിരുന്നു ആദ്യ പ്രതികരണം.
പിന്നീട് ഇടതു പക്ഷ എഴുത്തുകാരില്‍ ചിലര്‍ രംഗത്ത് വന്നത് ഇങ്ങനെ ഒരു വാദത്തോട് കൂടിയായിരുന്നു. "ഗുജറാത്ത് നേടിയ പുരോഗതിയുടെ കാരണം വിദേശത്ത് പോയി പണമുണ്ടാക്കിവന്ന അവിടത്തെ ആളുകളായിരുന്നു. അല്ലാതെ മോഡിയുടെ മിടുക്കല്ല. "
അങ്ങനെയെന്കില അതിനേക്കാള്‍ എത്രയോ മുന്‍പ് കേരളം അതിനേക്കാള്‍ വാണിജ്യപരമായി പുരോഗമിക്കണമായിരുന്നു. കേരളത്തിലും കൃഷി അഭിവൃദ്ധി പ്രാപിച്ച ഒരു കാലമുണ്ടായിരുന്നു. വ്യവസായങ്ങള്‍ വേരുപിടിച്ചു തുടങ്ങിയിരുന്നു.അപ്പോഴേക്കും 'വര്‍ഗസമര'വും സടകുടഞ്ഞു ഉണര്‍ന്നിരുന്നു . ഏറ്റവുമാദ്യം കടല്‍ കടന്നു പഴയ കാലത്ത് മലയായിലെക്കും പിന്നീട് ഗള്‍ഫ് നാടുകളിലേക്കും തൊഴിലിനായി പോയി ഇവിടെ പണം എത്ത്തിച്ച്ചവര്‍ കേരളീയരായിരുന്നു എന്ന് അറിയാത്തവരായി ആരുമുണ്ടാവില്ല. ജന്മ നാട്ടില്‍ എന്തെങ്കിലും ചെയ്തു ജീവിക്കാനുള്ള ആഗ്രഹവുമായി വ്യവസായ വാണിജ്യ സ്വപ്നങ്ങളുമായി വന്ന പരശ്ശതം പേരെ ഇവിടത്തെ വര്‍ഗ സമര വീരന്മാര്‍ ബൂര്‍ഷ്വാ മുള്‍കിരീടമണിയിച്ച് നെല്ലിപ്പലക കാണിച്ചു നാട് കടത്തി. സ്വന്തം നാട്ടിലെ ദുരവസ്ഥയില്‍ മനം നൊന്ത് വീണ്ടും നാട് വിട്ടു അവര്‍ ലോകത്തിന്റെ പല ദേശങ്ങളില്‍ വീണ്ടും അഭയം പ്രാപിച്ചു.
ഇപ്പോള്‍ പറയുന്നത് ഗുജറാത്തില്‍ വിദേശ പണം വന്നിട്ടാണെന്ന്! നമ്മുടെ കഴിഞ്ഞ തലമുറയിലെ പൂട്ടിപ്പോയ സ്വകാര്യസംരംഭകര്‍ ഒക്കെ എവിടെ പോയി ?ഇപ്പോഴിതാ പുതിയ തലമുറ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി പതിനായിരക്കനക്കായി മടങ്ങി വരാന്‍ പോകുന്നു. പഴയ സമരം വേണ്ടി വരില്ല. ഒന്നാമതു അവരുടെ കയ്യില്‍ വ്യവസായം തുടങ്ങാനുള്ള പണമൊന്നും ഇല്ല. പിന്നെ ബൂര്‍ഷ്വാ എന്നാ വിശേഷണം പാര്‍ടി വിഴുങ്ങിത്ത്തുടങ്ങിയിരിക്കുന്നു.

Wednesday, 18 March 2009

എന്താണ് ഇവിടെ മതേതരത്വം?

മതേതരത്വം, മതനിരപേക്ഷത അഥവാ സെക്കുലറിസം എന്നൊക്കെ പറഞ്ഞാല്‍ ഇന്ത്യയിലെ ചില രാഷ്ട്രീയക്കാര്‍ക്ക് അര്‍ത്ഥം താഴെ പറയുന്നവയാണ്.

# ഭിന്നിച്ചു കിടക്കുന്ന ജനങ്ങളെ ഭിന്നിപ്പിച്ചു തന്നെ ഭരിക്കുകയും സംഘടിത വിഭാഗങ്ങളെ പ്രീണിപ്പിച്ച് വോട്ടു ബാന്കുകള്‍ സൃഷ്ടിക്കുകയും ചെയ്യുക.

# സംഘടനാപ്രവണതയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലാത്ത ശത്രുവിനെ കാണിച്ചു കൊടുത്ത് അവരില്‍ അരക്ഷിതബോധവും ഭീതിയും ജനിപ്പിച്ച് അവരുടെ രക്ഷകരായി അവതരിച്ച് എല്ലാക്കാലവും അധികാരം നുണയുക.

# ഈ അരക്ഷിതബോധം മൂലം തീവ്രവാദത്തിലേക്ക് തിരിയുന്ന ന്യൂനപക്ഷങ്ങളിലെ ഒരു അതിസൂക്ഷ്മ വിഭാഗത്തിനെതിരെ പോലും നിലപാടെടുക്കാന്‍ തയ്യാറാകാതെ അതിന്റെ കുറ്റവും ഇല്ലാത്ത ശത്രുവിന്റെ മേല്‍ ചാര്‍ത്തുക.

# ഭീകര വാദത്തിനെതിരെ ശക്തമായ നിലപാടെടുത്താല്‍ ന്യൂനപക്ഷങ്ങള്‍ തങ്ങളെ കൈവിട്ടു കളയുമോ എന്നാ ഭയം മൂലം അതിനു തയ്യാറാകാതിരിക്കുക. അതായത് ന്യൂനപക്ഷങ്ങളെ വിശ്വാസമില്ലായ്മ. ഇതും സെക്കുലറിസം!!

# ന്യൂനപക്ഷ വിഭാഗങ്ങളെ വിശ്വസിക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ദേശീയശക്തികളെ വര്‍ഗീയവാദികള്‍ എന്ന് മുദ്രയടിക്കുക.

ഈ കാപട്യത്തിനെതിരെ പ്രതികരിക്കുക. വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം.